Monday, October 11, 2010

2നേരം പല്ലുതേച്ചാല്‍ ഹൃദയം നന്നാവും

ദിവസം രണ്ടുനേരം പല്ലുതേയ്ക്കുകയെന്ന് കേള്‍ക്കുമ്പോഴേ നെറ്റിചുളിയ്ക്കുന്നവരാണ് പലരും, രാവിലത്തെ കാര്യം മാറ്റിവയ്ക്കാന്‍ പറ്റില്ല പക്ഷേ രാത്രി വല്ലതും വയറ്റിലാക്കി നേരേ ചെന്ന് ഉറങ്ങാന്‍ നോക്കാതെ അപ്പോഴും പല്ലും തേച്ചിരിക്കയല്ലേ എന്ന് പറയുന്നവരാണ് മിക്കവരും.


എന്നാല്‍ ഇങ്ങനെ നിസ്സാരമായി ഇതിനെ തള്ളിക്കളയുന്നവര്‍ ഓര്‍ക്കുക ഈ നിസ്സംഗത ഒരുപക്ഷേ നിങ്ങളുടെ ഹൃദയത്തെ തകരാറിലാക്കിയേയ്ക്കും. ബിഎംജെ ഡോട്ട് കോം നടത്തിയ പഠനത്തിലാണ് പല്ലിന്റെ വൃത്തിയും ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്്‌ന വ്യക്തമായത്.


ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ പ്രഫസര്‍ റിച്ചാര്‍ഡ് വാട്ടിന്റെ നേതൃത്വത്തില്‍ 11000 പേരിലാണ് പഠനം നടത്തിയത്. പഠനത്തിന് വിധേയരായവരുടെ ജീവിതശൈലി , പുകവലി,വായിലെ ശുചിത്വം എന്നിവ പഠനവിധേയമാക്കി.


എത്ര പേര്‍ ദന്തഡോക്ടറെ കണ്ട് പരിശോധന നടത്താറുണ്ടെന്നും എത്ര പേര്‍ ദിവസവും രണ്ട് നേരം പല്ല് തേയ്ക്കാറുണ്ടെന്നും ഉള്ള ചോദ്യങ്ങളും ചോദ്യാവലിയില്‍ ഉണ്ടായിരുന്നു.


പത്തിലൊരാള്‍ വീതം 6 മാസം കൂടുമ്പോള്‍ ദന്തഡോക്ടറെ കാണും എന്ന മറുപടി നല്‍കിയപ്പോള്‍ പത്തില്‍ ഏഴ് പേര്‍ ദിവസത്തില്‍ രണ്ട് നേരം പല്ല് തേയ്ക്കും എന്ന മറുപടി നല്‍കി.


ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുന്നവരെ അപേക്ഷിച്ച് മറ്റുള്ളവര്‍ക്ക് ഹൃദയരോഗത്തിനുള്ള സാധ്യത 70 ശതമാനം കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയത്. എന്തായാലും ഈ പുതിയ കണ്ടെത്തല്‍ കൂടുതല്‍ നിരീക്ഷണപരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനാണ് പ്രഫസര്‍ വാട്ടിന്റെ തീരുമാനം


ഹൃദയസംബന്ധമായ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായ ജീവിതശൈലി,അമിതവണ്ണം,പുകവലി,പാരമ്പര്യം എന്നീ ഘടകങ്ങളും ഇതോടൊപ്പം പഠനവിധേയമാക്കിയിരുന്നു
Courtesy-OneIndia

No comments:

Post a Comment